2011 ജൂലൈ 31, ഞായറാഴ്‌ച

മഴയിലെ ബാല്യം ....ഒരു ഓര്‍മ്മക്കുറിപ്പ്‌


                                    മഴയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യമോടിയെത്തുക സ്കൂള്‍ കാലമാണ് .ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. അച്ഛന്‍ വാങ്ങിത്തന്ന കറുത്തുനീണ്ട കുട ഒരു കയ്യിലും  മറുകയ്യില്‍ പുസ്തകസഞ്ചിയും പിടിച്ച് സ്കൂളിലെക്കങ്ങനെ പോകും. വീട്ടില്‍നിന്ന്‍ റോഡ്‌ വഴി സ്കൂളിലേക്ക് അടിക ദൂരമൊന്നുമില്ല , എന്നാലും ഞാനും സ൦ഘവും   ചുറ്റിവലഞാണ്  പോവുക. പ്രധാന  ലക്‌ഷ്യം പുതുമഴയില്‍ തലയുയര്തിനില്‍ക്കുന്ന വെള്ളത്തണ്ട് എന്ന ചെടി പറിക്കലാണ് .സ്ലയ്റ്റ് മായ്ക്കുകയും ചെയ്യാം , പെന്‍സിലിനു മറിച്ച് വില്‍ക്കുകയും ആവാം . കൂടാതെ പാടത്തെ വെള്ളത്തില്‍ കൂട ഓടി നടക്കുന്ന സ്വര്‍ണനിറമുള്ള പരലിനെയും നോക്കി നടക്കാം. തക്കം കിട്ടിയാല്‍ പിടിക്കുകയും ചെയ്യാം . കൂട്ടത്തിലുള്ള ആരെങ്കിലും തോര്‍ത്ത് കൊണ്ടുവന്നിട്ടുണ്ടാകും. ട്രൌസര്‍ നനയാതെ ശ്രദ്ധിച്ചു  മീന്‍ പിടിക്കും .ചിലപ്പോള്‍ ഒന്നുരണ്ടെണ്ണത്തിനെയെങ്കിലും കിട്ടും. അതുമായിട്ടാണ് പിന്നെ ഞങ്ങളുടെ ഈ സ൦ഘ൦ മറ്റുകുട്ടികളുടെ ഇടയില്‍ ഗമ കാണിക്കല്‍ . സ്കൂളില്‍ ബെല്ലടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ മാത്രമേ ക്ലാസ്സില്‍ കയറാറുള്ളൂ. കയറുമ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കും "ഈശ്വരാ ...ഇന്ന് തിമിര്‍ത്തുപെയ്യുന്ന മഴയുണ്ടാവണെന്നു..",കാരണമെന്തെന്നോ, മഴക്കാറ്  കണ്ടാല്‍ സ്കൂള്‍ നേരത്തെ വിടും. എന്നിട്ടുവേണം തോട്ടിന്‍റെ അറ്റത്തുള്ള കുറ്റിക്കാട്ടിലൊളിപ്പിച്ച ഹോര്‍ലിക്സ് കുപ്പിയില്ലും ചോറ്റുപാത്രത്തിലും നിറയെ മീനിനെ പിടിക്കാന്‍....

                             ടീച്ചര്‍ ക്ലാസ്സില്‍ വന്നു. എല്ലാവരോടും ഗൃഹപാഠപുസ്തകം ചോദിക്കുന്നുണ്ട്. അവസാനം എന്‍റെടുത്തെത്തി. അപ്പോഴാണ്‌ എനിക്കോര്‍മ വന്നത്  മീന്‍ പിടിക്കുന്നതിനിടെ വരമ്പില്‍ വച്ച് പുസ്തകം എടുക്കാന്‍ മറന്നത് . ടീച്ചറോട് കാര്യം പറഞ്ഞു. എന്‍റെ സ്ഥിരം നമ്പരായ ഈ മറവി ടീച്ചര്‍ മുതലാക്കി . . തന്നു രണ്ടടി , ചന്തിയില്‍ തന്നെ . എന്നിട്ടൊരു ചോദ്യവും ."നീയൊരു  വലയും വള്ളവും മേടിച്ചു പാടത്തുതന്നെയിരുന്നോ .." മറ്റുകുട്ടികള്‍ ചിരിക്കുമ്പോള്‍ ഞാന്‍ എന്‍റെ ചന്തിയിലെ പാടുകള്‍ തോട്ടുനോക്കുകയായിരുന്നു.
ഭാഗ്യം! ഉച്ചസമയം കഴിഞ്ഞപ്പോഴേക്കും ആകാശത്ത്  നിറയെ കാര്‍മേഘങ്ങള്‍ നിറയാന്‍ തുടങ്ങി . ഇടയ്ക്കിടയ്ക്ക് ഇടി വെട്ടുന്നുമുണ്ട്. ഓരോ ഇടി വെട്ടുമ്പോഴും കുട്ടികള്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. ഉടനെ ഹെഡ്മാസ്റ്റര്‍ ലോങ്ങ്ബെല്‍ അടിക്കാന്‍ പറഞ്ഞു,എന്നിട്ടൊരു താക്കീതും  "ഒരെണ്ണം വഴിയരികില്‍ കളിച്ചു നില്‍ക്കാതെ പൊക്കോണം വീട്ടിലേക്കു" എന്ന്. ആര് കേള്‍ക്കാന്‍ ? ബെല്ലടിക്കേണ്ട   താമസം ഞങ്ങളെല്ലാവരും കൂട് തുറന്ന ആട്ടിന്പട്ടറ്റത്തെ പോലെ ഓടിക്കളഞ്ഞു. നേരെ അടുത്തുള്ള പറമ്പിലെ ജാതിമരച്ചുവട്ടിലേക്ക്. അവിടെ നിലത്തു വീണ ജാതിക്കയും കടലാസില്‍ പൊതിഞ്ഞ് കല്ലിന്‍റെ ഇടയില്‍ ഒളിപ്പിച്ചുവച്ച ഉപ്പും ചേര്‍ത്ത് തിന്നു നേരെ തോട്ടിലേക്ക്. തോട്ടില്‍ ഞങ്ങള്‍ തോര്‍ത്ത് വിരിച്ചു രണ്ട് കൊള്ളികള്‍ കൊണ്ട് ഒരു ഭാഗം ഉയര്തിവച്ചിട്ടുണ്ട് . മീന്‍ വന്നാല്‍ തടസ്സം കൊണ്ട് മേല്‍പ്പോട്ടു ചാടിയാല്‍ തോര്‍ത്തില്‍ വീഴും. ഡാ... ഒരു ബല്ല്യ മീനിനെ കിട്ടീക്ക്നു ". ഒരുത്തന്‍ വലിയ വായില്‍ വിളിച്ചു പറഞ്ഞു. ഞങ്ങളോടിച്ചെന്നു നോക്കിയപ്പോള്‍ ശരിയായിരുന്നു. പക്ഷെ ഒരു കാര്യം, ആരാ മീനിനെ കൊണ്ടുപോവ്വ ? തര്‍ക്കം മൂത്ത് .അവസാനം തോര്‍ത്തിന്‍റെ  ഉടമസ്ഥന്  മീന്‍ സ്വന്തം. അങ്ങനെ അന്നത്തെ മഴയില്‍ പാട്ടും പാടി  ചാടിക്കളിച്ചു തോട്ടിലൂടെയും പറമ്പിലൂടെയും നടന്നു. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ കളിതുള്ളിക്കൊന്ദ് നില്‍ക്കുന്നുണ്ടായിരുന്നു. വൈകിയതിനു  കിട്ടി അടി.ഒന്നല്ല...രണ്ടല്ല...ആ വെപ്രാളത്തിനിടയില്‍ എന്‍റെ കയ്യിലെ കുപ്പി പൊട്ടി മീനെല്ലാം മുറ്റത്തു ചിതറിവീണു. അവ എന്നെ ദയനീയമായി ഒന്ന് നോക്കി .. അന്ന് മുഴുവന്‍ പരിഭവമായിരുന്നു എല്ലാവരോടും . ചോരുവെണ്ടാന്നു 'ഭീഷണി' മുഴക്കി. മുറ്റത്തേക്ക്‌ തുറന്നിട്ടിരിക്കുന്ന ജനലിന്‍റെയടുത്തു വന്നിരുന്നു.അറിയില്ല, എപ്പോഴോ ഒന്ന് മയങ്ങിപ്പോയിരുന്നു. ഒരു പരുത്ത കൈ കൊണ്ട് മൃദുമായി തലോടുമ്പോഴാണ് ഞാന്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നത് .അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു....
     അപ്പോള്‍ മുറ്റത്ത് മഴ ഒരു പാട്ട് പോലെ,  ഒരു സാന്ത്വനം പോലെ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു

2 അഭിപ്രായങ്ങൾ: